സ്വപ്നാടനം
എന്റെ സ്വപ്നാടനം
കരഘോഷങ്ങളുമായ്,
ഓളവും കാറ്റിന്റെ താളവും
ഒഴുകിനീങ്ങുന്ന കരിയിലകളിലഭ്യാസമാടുന്ന
കുഞ്ഞനുറുമ്പുകളും മാത്രമായ്...
പരമ്പരകള്‍ കൈമാറി കൈമാറി-ഒടുവില്‍
ഇന്നെന്റെ കൈകളിലൊരു നീരാളിപ്പിടുത്തമായ് ,
ഒഴുക്കിനൊപ്പം
ഒഴുക്കിലോഴുകാത്ത പലതിലും തട്ടിപ്പിടഞ്ഞ്
വീണ്ടും ഒഴുകുന്ന സ്വപ്നാടനം
എന്റെ സ്വപ്നാടനം
ഞാനെന്നതിനെ നാലിഴകളായ് പിരിക്കിലും
തിരികെ - ഞാനെന്ന ഭാവമേ
എന്റെ നാശമാകൂ - എന്നെന്നെയിടക്കിടെ
ഞാനെന്ന ഭാവത്തില്‍
ഊററംകൊള്ളിച്ച്
സ്വപ്നാടനം
എന്റെ സ്വപ്നാടനം
നെഞ്ചിലെ നെടുവീര്‍പ്പുകള്‍
ചുണ്ടിലെ പുഞ്ചിരിയാല്‍ - മെല്ലെ
മാടിയൊതുക്കി
കണ്ണടച്ചിരുട്ടാക്കി
കരളിലെ ഒരുപിടി നോവുകള്‍ക്ക്
കണ്കള്‍ക്കിടയിലൊരു ചിതയൊരുക്കി
സ്വപ്നാടനം
എന്റെ സ്വപ്നാടനം
കൊച്ചു കൌതുകങ്ങള്‍ -വെറുമൊരു കൌതുകമായ്
അഴിഞ്ഞാടിവളര്‍ന്ന
ഭാരഭാണ്ടങ്ങളെ - ഇനിയും
വളരാതിരിക്കാന്‍- അതോ
ചിതലരിക്കാതിരിക്കാനൊ
മാറാപ്പായ് തോളിലണിഞ്ഞ്
സ്വപ്നാടനം
എന്റെ സ്വപ്നാടനം
നോവിന്‍ രക്തബാഷ്പം കിനിഞ്ഞ്
കണ്കലങ്ങി ,കാഴ്ചമങ്ങി
പകപ്പോടെയെന്കിലും - വീണ്ടും
കാതിലണയുന്നൊരട്ടഹാസങ്ങളാല്‍
ദീനരോദനങ്ങളാല്‍
നോവില്ലെനിക്കെന്ന് - ഇനി
നോവാന്‍ ഞാനിവിടെയില്ലെന്ന്
ജീവച്ഛവമായ് എന്നെ വിട്ട്
സ്വപ്നാടനം
എന്റെ സ്വപ്നാടനം.
2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)